മലയാള സിനിമയ്ക്ക് പുതിയ മുഖം നല്ക്കി മ ചു ക
സാങ്കൽപ്പികതയുടെ ലോകത്തെ പുതുവെളിച്ചമാകുകയാണ് മചുക. മലയാള സിനിമയിൽ ഇതുവരെ പരീക്ഷിച്ച രീതികളെ തകിടംമറിച്ചു കൊണ്ടുള്ള അവതരണം. പരീക്ഷണങ്ങൾ ഇഷ്ടമാണെന്ന് പറയുക മാത്രമല്ല അത്തരം പരീക്ഷണങ്ങളെ സ്വീകരിക്കുന്നവർ കൂടിയാകണം ആസ്വാദകർ. അത്തരത്തിലുള്ള ഒരാളാണോ നിങ്ങൾ എങ്കിൽ തീർച്ചയായും മചുക കാണാൻ ടിക്കറ്റെടുത്തോളു. പേര് കേൾക്കുന്പോൾ ഇത് എന്തൂട്ട് സാധനമാണെന്ന് തോന്നിയേക്കാം. പേരിൽ മാത്രമല്ല ചിത്രം അടിമുടി മാറ്റങ്ങളുടെ ഒരു വേലിയേറ്റം തന്നെ സൃഷ്ടിക്കുന്നുണ്ട്. മചുകയെന്ന ബ്രസീലിയൻ വാക്കിന്റെ അർത്ഥം ആഴത്തിലുള്ള വേദനയെന്നാണ്. ആ വാക്കിന്റെ അർത്ഥത്തെ ചുറ്റിപ്പറ്റിയുള്ള കഥപറച്ചിലാണ് സംവിധായകൻ നടത്തിയിരിക്കുന്നത്.![]() ത്രില്ലടിപ്പിക്കാൻ വേണ്ടിയൊരു ത്രില്ലർ അല്ല മറിച്ച്, കഥപറഞ്ഞ് ചെറുസല്ലാപങ്ങൾ നടത്തി പതിയെ പതിയെ ചിത്രത്തിന് ഒരു ത്രില്ലർ സ്വഭാവം കൈവരുകയാണ്. ഒരു പുതുമുഖ സംവിധായകൻ ഏറ്റെടുക്കാവുന്ന പരമാവധി റിസ്കും ചുമലിലേറ്റിയാണ് ജയൻ വന്നേരി ഇത്തരമൊരു സാഹസത്തിനു മുതിർന്നതെന്ന് നിസംശയം പറയാം. വിട്ടുവീഴ്ചാ മനോഭാവം ഇല്ലാത്ത സംവിധായകനെ ചിത്രത്തിൽ കാണാനാവും. ചലഞ്ചിംഗ് ആയൊരു കഥ, അതിൽ രണ്ടേ രണ്ട് കഥാപാത്രങ്ങൾ മാത്രം. രണ്ടുമണിക്കൂറിനടുത്തുള്ള ചിത്രം. ആരു കേട്ടാലും പറഞ്ഞുപോകും ഈ റിസ്ക് അന്യായം തന്നെയെന്ന്. ![]() 12 മണിക്കൂറിൽ നടക്കുന്ന കഥയുടെ പശ്ചാത്തലം ഒരു വീടും അതിന്റെ പരിസരങ്ങളും മാത്രം.അപരിചിതരായ രണ്ടുപേരുടെ കണ്ടുമുട്ടലും പിന്നീട് ഉണ്ടാകുന്ന വഴിത്തിരിവുകളും ഇതുവരെ പോകാത്ത വഴികളിലൂടെ ചിത്രത്തെ കടത്തിക്കൊണ്ടു പോകുന്നു. ജേണലിസ്റ്റ് ട്രെയിനിയായ നിവേദിതയും (ജനനി അയ്യർ) അഡ്വ. അറിവഴകൻ(പശുപതി) എന്ന് സ്വയം പരിചയപ്പെടുത്തുന്നയാളും തമ്മിലുള്ള സൗഹൃദ സംഭാഷണം പല കേസുകളുടെയും കഥാവഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങുന്നിടത്താണ് ചിത്രത്തിന് ത്രില്ലിംഗ് മൂഡ് പതിയെ കൈവരുന്നത്. ഒരു മനുഷ്യന്റെ വിവിധ മുഖങ്ങളും ഭാവങ്ങളും മണിക്കൂറുകളുടെ ഇടവേളകൾക്കിടയിൽ കടന്നു പോകുന്നത് ചിത്രത്തിൽ കാണാൻ കഴിയും. പശുപതി എന്ന നടനെ വേണ്ടപോലെ ഉപയോഗിച്ച ചിത്രമാണ് മചുക. മികച്ച പ്രകടനങ്ങൾ കൊണ്ട് തമിഴിൽ പേരെടുത്ത നടന്റെ ഒന്നാന്തരം പ്രകടനമാണ് മചുകയിൽ കാണാൻ കഴിയുക. കഥയും തിരക്കഥയുമാണ് ചിത്രത്തിന്റെ നട്ടെല്ലെങ്കിലും ചിത്രത്തിന്റെ ജീവൻ തുടിക്കുന്നത് അത്രയും പശുപതിയെന്ന നടനിലൂടെയാണ്. എവിടെവേണമെങ്കിലും പിഴവു സംഭവിക്കാവുന്ന കഥാപശ്ചാത്തലത്തെ മഞ്ഞയും ചുവപ്പും കറുപ്പും കലർന്ന കളർ ടോണിൽ പൊതിഞ്ഞ് ഭദ്രമാക്കി വച്ചിരിക്കുകയാണ് സംവിധായകൻ. ![]() ഏതൊരാൾക്കും രണ്ടോ അതിലേറെയോ മുഖങ്ങൾ ഉണ്ടാകാം. അത് തിരിച്ചറിയാത്തിടത്ത് കള്ളത്തരങ്ങൾ ജയിക്കുകയും തിരിച്ചറിയുന്നിടത്ത് സത്യം ജയിക്കുകയും ചെയ്യുന്നു. മചുകയിൽ ജയിച്ചത് കള്ളമോ സത്യമോ എന്നെല്ലാം ത്രില്ലടിപ്പിക്കുംവിധമാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. നോർമൽ മൂഡിൽ തുടങ്ങി സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും വലയത്തിനുള്ളിലേക്ക് പിടിച്ചിട്ട് പതിയെ കഥക്കൂടിനുള്ളിലേക്ക് കയറ്റി പ്രേക്ഷകരെ ശരിക്കും പരീക്ഷിക്കുന്നുണ്ട് സംവിധായകൻ. ![]() ആദ്യ പകുതിയിൽ ലാഘവത്തോടെ കാണുന്ന പലതും രണ്ടാം പകുതിയിലെ വഴിത്തിരിവുകളിലെ നിർണായക ഘടങ്ങളായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ആദ്യം മുതലേ ശ്രദ്ധയോടെ കാണേണ്ട ചിത്രമാണ് മചുക. രണ്ടുപേരെ വച്ചുള്ള ത്രില്ലറിന് ഒരുപാട് പരിമിതികൾ ഉണ്ടാവാം എന്നാൽ അടിത്തറയുള്ള തിരക്കഥയുടെ പിൻബലത്തിൽ അതെല്ലാം മറികടക്കുകയാണ് സംവിധായകൻ ഇവിടെ. സംവിധായകന്റെ മനസറിഞ്ഞുള്ള ഫ്രെയിമുകളാണ് ജോമോൻ തോമസ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഒരു ത്രില്ലറിന് അത്യന്താപേക്ഷിതമായ ഘടകമാണ് പശ്ചാത്തല സംഗീതം. പല മൂഡിലൂടെ കടന്നു പോകുന്ന ചിത്രത്തിന്റെ ഓരോ തലവും ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന്റെ അകന്പടി സേവിച്ചാണ് കടന്നു പോകുന്നത്. ഇതുവരെ കടന്നു പോകാത്ത വഴികളിലൂടെ ആസ്വാദകരെ സഞ്ചരിപ്പിച്ച് പ്രണയവും പ്രതികാരവും മരണവെപ്രാളവുമെല്ലാം രണ്ടേ രണ്ടു പേരിലൂടെ സംവിധായകൻ അവതരിപ്പിക്കുന്പോൾ മലയാള സിനിമയിൽ ഇതുവരെ തുറക്കാത്ത വാതിൽ കൂടി താനേ തുറന്നിരിക്കുകയാണ്. ഈ പരീക്ഷണം നിങ്ങളെ നിരാശപ്പെടുത്തില്ല, ബോറടിപ്പിക്കില്ല മറിച്ച്, സാങ്കൽപ്പികതയുടെ മറ്റൊരു മുഖം കൂടി കാട്ടിത്തരുകയാണ് ചെയ്യുക. (അവകാശവാദങ്ങളില്ലാത്ത സംവിധായകന്റെ പുത്തൻ പുതിയ പരീക്ഷണമാണ് മചുക.) കടപാട്:ശ്രീകാന്ത് |
Comments
Post a Comment